വയനാട് ചീരാലില്‍ ഒരാഴ്‍ച മുൻപും കടുവ ഇറങ്ങിയിരുന്നു. ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് രാവിലെ ചീരാലില്‍ വീണ്ടും കടുവയിറങ്ങി. കുടുക്കി സ്വദേശി സ്കറിയയുടെ വീടിന്റെ സമീപത്തെ തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ കൊന്നു .പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്ന ആക്രമണം. പശുവിന്റെ നിലവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് ചോരയിൽ കുളിച്ചു കിടക്കുന്ന പശുവിനെ കണ്ടത്. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മീനങ്ങാടിയിലും കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു
ചീരാലിൽ മൂന്നാഴ്‍ചയ്‌ക്കിടെ കടുവയുടെ ആക്രമണത്തിനിരയായ പശുക്കളുടെ എണ്ണം എട്ടായി. വയനാട് ജില്ലയിലെ മുഴുവൻ വനംവകുപ്പ് ഓഫിസുകളിൽ നിന്നുള്ള സംയുക്തസേന കഴിഞ്ഞ ദിവസം രാവിലെ മുതൽ ഉച്ചതിരിഞ്ഞ് 2 വരെ പ്രദേശം അരിച്ചുപെറുക്കിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 16 നിരീക്ഷണ ക്യാമറകൾ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.