രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ ഉണ്ടെന്നും കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായും ചീഫ് കണ്‍സർവേറ്റർ വ്യ്കതമാക്കി. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യം വൈകുന്നതിലാണ് പ്രതിഷേധം. കടുവയെ ഉടൻ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പറഞ്ഞിട്ട് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു സ്ത്രീയാണ് മരിച്ചത്. അതിനെ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒരാൾ മരിച്ചിട്ട് നഷ്ടപരിഹാരം കൊടുത്താൽ മതിയാകുമോ എന്ന് നാട്ടുകാർ ചോദിച്ചു. നഷ്ടപരിഹാരമല്ല വിഷയമെന്നും കടുവയെ കൊന്നാൽ മതിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി ഡിഎഫ്ഒ സംസാരിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തങ്ങൾ വീണ്ടും വിഡ്ഢികളാകണോയെന്നും കടുവയെ കൊല്ലാതെ വിടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഡോ.അരുൺ സക്കറിയ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ജനങ്ങൾ ഭയത്തിലാണെന്ന് പ്രതിഷേധക്കാർ പറയുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
അതേസമയം കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.