തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്ചു. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും നടക്കും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതിനെ തുടർന്നാണ് കേസിൽ ഇഡി ഇടപെടുന്നത്. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും.
പാലക്കാട് സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.