തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയാകും. ആശാനാഥ് ഡെപ്യൂട്ടി മേയറാവും. ശ്രീലേഖ മേയറാകുമെന്നുള്ള തരത്തിലുള്ള ചർച്ചകൾ ആണ് ഇന്ന് രാവിലെ വരെ നടന്നിരുന്നത്. എന്നാൽ താഴെ തട്ടുമുതൽ പ്രവർത്തിച്ച പരിചയവും കൂടുതൽ പേര് രാജേഷിന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തതോടെ വി വി രാജേഷിന് സാധ്യത ഏറുകയായിരുന്നു. ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർത്തിരുന്നു. നാളെയാണ് മേയർ തെരെഞ്ഞെടുപ്പ് നടക്കുക.
തർക്കം നിലനിന്ന സാഹചര്യത്തില്‍ നേതാക്കൾ ശ്രീലേഖയുടെ വീട്ടില്‍ ഇന്ന് ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യം ശ്രീലേഖയെ ധരിപ്പിച്ചുവെന്നും കൂടാതെ നിയമസഭാ സീറ്റ് ഓഫർ ചെയ്തെന്നും ജയസാധ്യത കൂടുതലുള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നുമാണ് സൂചന.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്. വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു.

