ജനവാസ മേഖലയിയിൽ ഇറങ്ങി ഭീതി പരത്തുകയും വീടും കടകളും ഉൾപ്പെടെ തകർക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താൻ ആർ ആർ ടി സംഘം തുനിഞ്ഞിറങ്ങി. വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർ ആര്‍ ടി സംഘമാണ് ഇന്ന് ഇടുക്കിയിൽ എത്തുക. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ആകും സംഘം നിരീക്ഷണം ഏർപ്പെടുത്തുന്നത്. ശല്യക്കാരായ ആനകളെ നിരീക്ഷിക്കാനാണ് സംഘത്തിന്റെ തീരുമാനം.
ജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന ആനകളെ മയക്കുവെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് ആർ ആർ ടി സംഘം എടുത്തിട്ടുള്ളത്. ഇവിടെ മലയോര ഗ്രാമങ്ങളിൽ ഉൾപ്പെടെ തുടർച്ചയായി കാട്ടാനകളുടെ ശല്യം കൂടി വന്നതിനെ തുടർന്ന് ജനകീയ പ്രതിഷേധം ഉൾപ്പെടെ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടർനടപടികൾ സ്വീകരിക്കുന്നതും ആനയെ തുരത്തുന്നതിനുമായി ആർ ആർ ടി സംഘം എത്തുന്നത്. ചിന്നക്കനാലിൽ വ്യാപകമായ നഷ്ടങ്ങളാണ് ആനകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.