കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഇലന്തൂർ നരബലികേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കുറ്റപത്രം പെരുമ്പാവൂർ ജെ എഫ് സി എം കോടതിയിൽ ജനുവരി 21ന് സമർപ്പിക്കും. കേസിന്റെ ആദ്യ കുറ്റപത്രം എറണാകുളം ജെ എഫ് സി എം കോടതിയിൽ ജനുവരി 6ന് സമർപ്പിച്ചിരുന്നു. ഭഗവൽ സിംഗ്, മുഹമ്മദ് ഷാഫി, ലൈല എന്നിവർ ചേർന്ന് റോസിലി എന്ന യുവതിയെ നരബലിക്കിരയാക്കി എന്നതാണ് കേസ്.
2022 ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് ഷാഫി, റോസിലിയെ തന്ത്രത്തിൽ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിക്കുകയും അവിടെവച്ച് ഷാഫിയും ഭഗവൽ സിങും ലൈലയും കൂടി റോസിലിയെ നരബലി നടത്തി മൃതദേഹം കഷണങ്ങളായി മുറിച്ച് പാചകം ചെയ്ത് ഭക്ഷിക്കുകയും ബാക്കിയുള്ളവ കുഴിച്ചുമൂടുകയും ചെയ്തു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.