നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഇന്നലെ മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ശരിയായ നിലയിലല്ലാതെ മാത്യു കുഴൽനാടന് പണം കിട്ടുന്നുണ്ടെന്നായിരുന്നു ഇന്നലെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ ആരോപിച്ചത്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സിപിഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു. ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആക്ഷേപം. നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സി.എന്‍ മോഹനൻ മാത്യു കുഴൽനാടനെതിരെ രംഗത്തുവന്നത്.
വിജിലൻസ് അന്വേഷണം കൂടെ വരുമ്പോൾ രാഷ്ട്രീയ പ്രതികാരം എന്ന വാദമുയർത്തിയാകും മാത്യു കുഴൽനാടൻ ആരോപണത്തെ നേരിടുക. മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴൽനാടൻ വ്യക്തിപരമായി ആരോപണങ്ങളുയർത്തി മുന്നോട്ട് പോയി. കോൺഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴൽനാടൻ വ്യക്തിപരമായി ആരോപണങ്ങളുയർത്തി മുന്നോട്ട് പോയി. മാത്യുവിന് പാർട്ടി പൂർണ പിന്തുണ നൽകുമെന്നും ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽനാടൻ ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചുവെന്നും മോഹനൻ ആരോപിച്ചു.