തിരുവനന്തപുരം: സംസ്ഥാനബജറ്റിൽ ഇത്തവണ ഭൂമിയുടെ ന്യായവിലയും നികുതിയും വർദ്ധിക്കാൻ സാധ്യത. കഴിഞ്ഞ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെങ്കിലും നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് നികുതി ഈടാക്കുന്ന പുതിയ രീതിയും വരാനിടയുണ്ട്. നിലവിൽ ഗ്രാമപഞ്ചായത്തിൽ നികുതി കുറഞ്ഞത് അഞ്ച് രൂപയും, മുൻസിപ്പാലിറ്റിയിൽ 10 രൂപയും, കോർപ്പറേഷനിൽ 20 രൂപയും ആണ്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഇത് കുറഞ്ഞ നിരക്കാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി കൂട്ടാൻ തീരുമാനിച്ചത്. ഭൂമിയുടെ ന്യായവിലയിലും 10% ത്തിന്റെ വർദ്ധനവ് ഉണ്ടാകും.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന് വരുമാനം കൂട്ടാനുള്ള നിർദ്ദേശങ്ങൾക്കായിരിക്കും ബജറ്റ് പ്രാധാന്യം നൽകുക. വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന പ്രധാന മാർഗ്ഗങ്ങൾ ഒന്നാണ് നികുതി വർദ്ധനവ് . മറ്റു സംസ്ഥാനങ്ങളിൽ പിരിക്കുന്ന നികുതിയുടെ നാലിലൊന്നു പോലും നികുതി കേരളത്തിൽ പിരിക്കുന്നില്ലെന്നാണ് സർക്കാർ ഇക്കാര്യത്തിൽ ഉന്നയിക്കുന്ന ന്യായീകരണം.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുടെ നിരക്ക് കൂട്ടാനും സാധ്യതയുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭൂമിയുടെ വിനിയോഗത്തിനനുസരിച്ച് നികുതി നിരക്ക് ക്രമീകരിക്കാം. ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം നികുതിയായി നിശ്ചയിക്കണമെന്നനിർദ്ദേശവും ഏറെനാളായി ധനവകുപ്പിൽ ഉണ്ട്.