തൃശ്ശൂർ: ഭക്ഷ്യസുരക്ഷാ വകുപ്പിനെ അവഗണിച്ച് തൃശ്ശൂരിൽ അടപ്പിച്ച ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിച്ചു. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്ന് തൃശ്ശൂരിലെ ബുഹാരിസ് ഹോട്ടൽ കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചിരുന്നു. എന്നാൽ ഹോട്ടൽ ഇന്നലെ വീണ്ടും തുറക്കുകയും ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഹോട്ടൽ അടപ്പിച്ചശേഷം കുറവുകൾ കണ്ടെത്തി പരിഹരിച്ചശേഷം ജില്ലാഅസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടുകൂടിയേ കട തുറക്കാവൂ എന്ന ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശത്തെ കാറ്റിൽ പറത്തിയാണ് ഇന്നലെ ഹോട്ടൽ വീണ്ടും തുറന്നത്.
സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഹോട്ടൽ അധികൃതർ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയായ രേഖാ മോഹനെ ഫോണിൽ ഭീഷണിപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യാൻഎത്തിയ മാധ്യമങ്ങളെ തടയുകയും ചെയ്തു. ഭീഷണിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥ വീണ്ടും ഹോട്ടൽ അടപ്പിച്ചു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും ഉദ്യോഗസ്ഥ പറഞ്ഞു.