പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി. സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. നാളെ അവസാനിക്കുന്ന സമ്മേളനം സെപ്റ്റംബർ 11ന് വീണ്ടും ചേരും. സെപ്റ്റംബർ 14വരെ സഭ സമ്മേളിക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. സമ്മേളനത്തിന്റെ ആദ്യദിനത്തിൽ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം സഭ പിരിഞ്ഞു. ഈ മാസം 24 വരെയാണ് സമ്മേളനം നേരത്തെ തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്. 24 കഴിഞ്ഞാല്‍ ഓണാവധിയായി. സമ്മേളനം തുടരുന്നത് പ്രചാരണത്തിന് എം.എല്‍.എ.മാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ തടസ്സമാവും. ഈ സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ഭരണപക്ഷവും പ്രതിക്ഷവും ധാരണയിലെത്തിയത്.