കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ പ്രതികരണവുമായി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് രംഗത്ത്. ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു ഫെബ്രുവരി 24ന് നടന്ന കഴകം നിയമനം. ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും 5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുള്ള നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തത്.