കെപിസിസി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങൾ ശക്തമാകുന്നതിനിടെ കെ. സുധാകരന് പിൻഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി.
പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസനാ നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുമായിയായ സണ്ണി ജോസഫിനെ നിയമിച്ചത്.
തനിക്കെതിരായി ഉയരുന്ന പ്രചാരണങ്ങൾ തള്ളി കെ സുധാകരൻ ഇന്ന് രംഗത്തെത്തിയിരുന്നു. അത്തരത്തിൽ യാതൊരു ചർച്ച നടന്നിട്ടില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന് താൻതന്നെ പാർട്ടിയെ നയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടായതോടെ പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകൻ ശനിയാഴ്ച പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ താൻതന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.