പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന് വി ശിവൻകുട്ടി വിമർശിച്ചു. വന്ന വഴി നടി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
“16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്.” വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചു. കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവത്തിൽ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ വന്നതും പ്രതിഫലം വാങ്ങാതെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവൻകുട്ടി പറഞ്ഞു.