ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ ആത്മവിശ്വാസവുമായി മകൻ വി.എ. അരുൺകുമാർ. കഴിഞ്ഞ ദിവസത്തെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പിതാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അരുൺകുമാർ രേഖപ്പെടുത്തി. “അച്ഛന്റെ ആരോഗ്യ നിലയിൽ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ.”
വിവിധ സ്‌പെഷ്യലിസ്റ്റുകൾ അടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്. 101 വയസ്സുള്ള അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരു സംഘം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്ന് വരുന്നു. വിവിധ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ അച്യുതാനന്ദൻ, സമീപ വർഷങ്ങളിൽ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുമായി കഴിഞ്ഞു വരികയാണ്. പൊതുജീവിതത്തിൽ നിന്ന് ഏറെക്കുറെ വിട്ടുനിൽക്കുകയും ചെയ്യുന്ന അദ്ദേഹം, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചരിത്രപരമായ പിളർപ്പിനെത്തുടർന്ന് 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാപിച്ച ഗ്രൂപ്പിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ അംഗമാണ്. സാമൂഹിക നീതിക്കും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ അച്യുതാനന്ദൻ 2006 മുതൽ 2011 വരെ സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.