നാഗർകോവിൽ: മഹാശിവരാത്രിയോട് അനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ കാല് നടയായി ദർശനം നടത്തുന്ന ശിവാലയ ഓട്ടത്തിന് സമാപനം. വെള്ളിയാഴ്ച വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശിവാലയ ഓട്ടം ഇന്ന് രാവിലെ തിരുനട്ടാൽ ക്ഷേത്രത്തിലാണ് അവസാനിച്ചത് .
ശിവാലയ ഓട്ട മാഹാത്മ്യം
മഹാശിവരാത്രിയോട് അനുബന്ധിച്ച് ഭക്തർ നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. ശിവരാത്രി ദിവസം ദ്വാദശ രുദ്രന്മാരെ വണങ്ങുകയാണ് ഈ ചടങ്ങിന്റെ സവിശേഷത. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം ദിവസം മുഴുവനുമാണ് ശിവാലയ ഓട്ടം നടത്തുന്നത്. തമിഴ്നാട്ടിലെ കന്യകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലുള്ള 12 ശിവക്ഷേത്രങ്ങളിൽ 24 മണിക്കൂർ കൊണ്ട് ദർശനം നടത്തുന്നതാണ് ശിവാലയ ഓട്ടം. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നീ 12 ക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്. ഈ ക്ഷേത്രങ്ങളിൽ കാൽനടയായി നടന്ന് ദർശനം നടത്തുന്നതാണ് ശിവാലയ ഓട്ട വഴിപാട്.
ശിവരാത്രി ദിവസത്തിന്റെ തലേന്ന് വൈകുന്നേരം കുളിച്ച് ശുദ്ധി വരുത്തി ശിവാലയ ഓട്ടം ആരംഭിക്കുന്നു. കാവി വസ്ത്രം ധരിച്ച് തുളസി മാല അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ് ശിവ ഭക്തർ ഓട്ടം ആരംഭിക്കുന്നത്. ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ശിവ ഭക്തർ യാത്രയിൽ ഉടനീളം ഉരുവിടുന്നത് ‘ ഗോവിന്ദാ…. ഗോപാലാ….’ എന്ന കൗതുകകരമായ ഒരു ചടങ്ങ് കൂടി ശിവാലയ ഓട്ടത്തിനുണ്ട്. ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തരെ ഗോവിന്ദന്മാർ എന്നും വിളിക്കുന്നു .
ശിവാലയ ഓട്ടം ആചരിക്കുന്ന ഭക്തർ കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുൻപ് തന്നെ മാലയിട്ട് വ്രതം ആരംഭിക്കും. 21 ദിവസം നീളുന്ന വ്രതമാണിത്. നിത്യേന ഇവർ ശിവക്ഷേത്രദർശനം നടത്തി ശിവനാമം ജപിച്ച് പ്രാർത്ഥിക്കും. ക്ഷേത്രത്തിലെ നിവേദ്യചോറ് ആണ് ഭക്ഷണം. രാത്രി ഇളനീരും കരിക്കും പഴവും. ത്രയോദശി നാളിൽ തിരുമല ക്ഷേത്രത്തിൽ വൈകുന്നേരം ദീപാരാധന ദർശിച്ച ശേഷം ഓട്ടം ആരംഭിക്കും. ഭക്തർ കൂട്ടംകൂട്ടമായാണ് ഓടുക. ഓരോ ക്ഷേത്രത്തിൽ എത്തുമ്പോഴും കുളിച്ച് ഈറനോടെ ദർശനം നടത്തണം. ശിവാലയ ഓട്ടം പോകുന്ന പാതയിൽ ചുക്കുവെള്ളവും ആഹാരവും നൽകുന്നുണ്ട്. ഗോവിന്ദ…ഗോപാല…. ശരണം വിളികളുമായി തിരുനട്ടാൽ ക്ഷേത്രത്തിൽ എത്തി ഓട്ടം അവസാനിപ്പിക്കുന്നു. ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളിലും ഭക്തർക്കായി അടിസ്ഥാനസൗകര്യം ജില്ലാ ഭരണകൂടം ഏർപ്പെടുത്താറുണ്ട്.
ഇത്തവണ വെള്ളിയാഴ്ച വൈകിട്ടോടെ തിരുമല ക്ഷേത്രത്തിൽ നിന്നും ശിവാലയ ഓട്ടം ആരംഭിച്ചു. മലമുകളിലുള്ള ശിവ ഭഗവാനെ തൊഴുത ശേഷം ഭക്തർ പടിയിറങ്ങി. പന്ത്രണ്ടാമത്തെ ക്ഷേത്രമായ തിരുനാട്ടാലം ക്ഷേത്രത്തിൽ തൊഴുതിറങ്ങിയതോടെ ഇത്തവണത്തെ ശിവാലയ ഓട്ടത്തിന് സമാപനമായി.