ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഒരു സ്കോർപിയോ കാർ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.
സിസിടിവി ഉൾപ്പെടെ പരിശോധിച്ച് കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ടു തവണ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാൽ കുറച്ചുദൂരം കൂടി ചെന്നപ്പോൾ കാർ നിർത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട്പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. ഈ സമയത്ത് ഗവർണർ ഉറക്കത്തിലായിരുന്നു. ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് സംഭവം യുപി പൊലീസിൽ അറിയിക്കുകയായിരുന്നു.
നിലവിൽ അസ്വാഭാവികതയൊന്നും ഉള്ളതായി റിപ്പോർട്ടില്ല. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.