പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
ഓലപ്പാമ്പ് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്തേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വിഡി സതീശൻ ധീരമായി കേസിനെ നേരിടുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിണറായിയുടെ നിയന്ത്രണത്തിലുള്ള വിജിലൻസ് വർഷങ്ങളോളം അന്വേഷിച്ച് എന്നിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. എൽഡിഎഫിന്റെ അപചയങ്ങൾ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിച്ചപ്പോൾ അതിനെ മറച്ചുവെക്കാനുള്ള കുതന്ത്രമാണ് ഇപ്പോഴത്തെ സംഭവമെന്നും യുഡിഎഫ് ഭയപ്പെടില്ലെന്നും അദേഹം പറഞ്ഞു.
ഒരു കാര്യവുമില്ലാത്ത കേസാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മാലപ്പടക്കമാണിത്. ഇതൊന്നും പൊട്ടാൻ പോകുന്നില്ല. ഗൗരവമായി കാണുന്നില്ല. സിബിഐ അല്ല ഇന്റർപോൾ വേണമെങ്കിലും അന്വേഷിച്ചോട്ടോ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയും ഉണ്ടാകും. ഇത്തരം അടവുകൾ കേരളത്തിൽ ചെലവാകാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപിൽ ഇത്തരം സംഭവങ്ങൾ വിജയിക്കില്ലെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും എംഎം ഹസൻ പറഞ്ഞു. ശബരിമല കൊള്ളയിൽ സിപിഐഎം പ്രതിരോധത്തിലാണ്. അതിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ സിപിഐഎം ഉണ്ടാക്കിയ തിരക്കഥയാണിതെന്ന് എംഎം ഹസൻ പറഞ്ഞു. എത്ര ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചാലും കോൺഗ്രസ് ഭയപ്പെടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. പിണറായ സർക്കാർ ഓരോ ഘട്ടത്തിലും അധഃപതനത്തിലേക്ക് പൊക്കോണ്ടിരിക്കുകയാണ്. ആന്റണി രാജുവിനെതിരായ കോടതി ഉത്തരവിൽ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

