മുൻ എംഎൽഎ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 25 വർഷം എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അച്ചടക്ക നടപടി നേരിട്ട തിരുവല്ല മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയും കമ്മിറ്റിയിലുണ്ട്.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാൻലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കെപി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.