സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രവചിക്കുന്നത്.
വ്യാപകമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വിദര്‍ഭക്കും ഛത്തീസ്ഗഡിനും മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിനാൽ മഴ ശക്തമാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.