സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവ്യാപാരം തുടരുന്നു. ഇന്ന് സ്വർണ്ണവില ഉയർന്നില്ലെങ്കിലും സർവ്വകാല റെക്കോഡിൽ തന്നെയാണ് നിരക്ക് തുടരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 48,600 രൂപയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപയാണ് പവന് വർധിച്ചത്. കഴിഞ്ഞ ദിവസം 400 രൂപ കൂടിയിരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 6,075 രൂപയാണ്. 50 രൂപ ഒറ്റ ദിവസം കൊണ്ട് ഉയർന്നിരുന്നു.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാനകാരണം. നിലവിൽ വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണ്ണവില വർദ്ധനവുണ്ടാക്കുന്നത്.