പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ മത്സരിക്കും. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ വച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ്റെ പേര് കെ സുധാകരൻപ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ആണ് പ്രഖ്യാപനം ഉണ്ടായത്.
അസാധാരണമായാണ് ഇത്ര പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും.
പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
.