തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ വിഴഞ്ഞത്ത് സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികൾ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്.
എന്നാൽ വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘര്‍ഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാരിൽ ചിലർ കല്ലേറും ആരംഭിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തുടർന്ന് തുറമുഖ നിർമാണം മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. തുറമുഖ നിർമാണത്തിനു സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിർമാണം തുടങ്ങാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച വാർത്ത പുറത്തു വന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്. പദ്ധതിയെ എതിർക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനു നേരെ ആക്രണം ഉണ്ടായി. പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും സമരസമിതി അറിയിച്ചു. സമരക്കാരും നിർമാണത്തെ അനുകൂലിക്കുന്നവരും തമ്മിൽ കല്ലേറുണ്ടായി. തുറമുഖ നിർമ്മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറികൾ സ്ഥലത്ത് നിന്നും മാറ്റി.ലോറികളുടെ ചില്ലുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞു പൊട്ടിച്ചു