മൈക്കിനെയും ആംപ്ലിഫയറിനെയും വെറുതെ വിട്ട് മൈക്ക് കേസ് നാണക്കേടിൽ നിന്ന് തലയൂരി കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകി. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കിൽനിന്ന് മുഴക്കം കേട്ടത്. 26ന് ഉച്ചയോടെ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൈക്ക് ഓപ്പറേറ്ററായ എസ്.രഞ്ജിത്തിൽനിന്ന് മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.
നാണക്കേടായതിനെ തുടർന്ന് തുടർനടപടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മൈക്ക് ഒന്നാം പ്രതി കേബിൾ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമർശനവും ഉയർന്നതോടെ നാണക്കേടിൽ നിന്നും തലയൂരാൻ മുഖ്യമന്ത്രി തന്നെ കേസില്‍ ഇടപെട്ടു. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു. ആളുകളുടെ തിരക്കിനിടയിൽ കേബിളിൽ തട്ടിയാണ് ശബ്ദം ഉണ്ടായതെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.