വാർത്ത ചാനലിലെ മതവിദ്വേഷ പരാമർശത്തിൽ എടുത്ത കേസിൽ ബിജെപി നേതാവ് പി.സി.ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീങ്ങുന്നതിനിടെയാണ് ഈ നാടകീയമായ നീക്കം. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു.
പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് രാവിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ പി.സി. ജോർജ് ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. എവിടെയാണെന്ന കാര്യത്തിലും വ്യക്തതയില്ലായിരുന്നു. എന്നാൽ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിൽ പിസി ജോർജ് ഇന്ന് ഹാജരാകുമെന്നും പിസി ജോർജിൻ്റെ സഹപ്രവർത്തകർ അറിയിച്ചിരുന്നു. പിസി ജോർജിൻ്റെ വീട്ടിൽ ബിജെപി ജില്ലാ നേതൃത്വവും പ്രവർത്തകരും ഉണ്ട്. പി സി ജോർജിന്‍റെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോർജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.