പന്തീരാങ്കാവ് ഭർതൃപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തശേഷം പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു. പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഡൽഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ടു.
ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.
യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയ കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡൽഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം.