തൃശൂർ: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ മത്സരിക്കേണ്ടി വന്നാൽ സന്തോഷത്തോടെ അത് ഏറ്റെടുക്കും. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ ഞാൻ തൃശൂരേ തിരഞ്ഞെടുക്കൂ
ബിജെപി ദേശീയ നേതൃത്വം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. തൃശൂരിൽ മത്സരിക്കണമെന്ന തീരുമാനം പാർട്ടിൽ എടുത്താൽ അത് അനുസരിക്കുമെന്നും പത്മജ പറഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മ വേണുഗോപാൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുരളീധരനും പത്മജയും തമ്മിൽ മത്സരമുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ വട്ടിയൂർക്കാവിൽ കെ.മുരളീധരൻ മത്സരിക്കുമെന്ന ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാവും.
സഹോദരനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരനെതിരെ പത്മജ മത്സരിക്കുമോയെന്ന ചോദ്യത്തിനും അവർ കൃത്യമായി മറുപടി നൽകി. കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന വ്യക്തിയാണ്. അങ്ങനെ ഒരിക്കലും പാർട്ടി തന്നോട് ആവശ്യപ്പെടുമെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ ആവശ്യപ്പെട്ടാൽ തന്നെ തനിക്ക് അത് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും പത്മജ പറഞ്ഞു.

