തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം. കാഞ്ചനയ്ക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക് രാഹുലിനോട് ഉള്ളതെന്നും ബ്ലാക്‌മെയ്ൽ ഒന്നും അല്ലല്ലോ അല്ലേയെന്നും പദ്മജ ചോദിച്ചു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. പാലക്കാട് വന്നത് കല്യാണത്തിനാണെന്നാണ് എംപിയുടെ വിശദീകരണം.രാഹുല്‍ മാങ്കൂട്ടത്തിലിനായി വടകര എംപി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം നടന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് ഗ്രൂപ്പ് യോഗത്തിലെ പൊതുധാരണ. ഉമ തോമസിന് എതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ പാടില്ലെന്ന് യോഗത്തില്‍ ചർച്ചയായെന്നാണ് വിവരം. എംഎല്‍എയെ ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ല. മണ്ഡലത്തിൽ നിന്ന് എംഎല്‍എ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാകുമെന്നും യോഗം വിലയിരുത്തിയെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു യോഗം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഷാഫി പറമ്പില്‍.