ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, മുതിർന്ന പത്രപ്രവർത്തകൻ പി. നാരായണൻ എന്നിവരുടെ നേട്ടം എല്ലാ മലയാളികൾക്കും അഭിമാനകരമാണ്. അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പുരസ്കാരങ്ങൾ എത്തുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലേക്കെത്തിയ ഈ ബഹുമതികൾക്ക് തിളക്കമേറെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വി.എസ്. അച്യുതാനന്ദനും സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരങ്ങൾ ഏറെ ശ്രദ്ധേയമാണ്. കൂടാതെ, മാധ്യമരംഗത്തെ നാരായൺജിയുടെ നേട്ടവും കലാരംഗത്തെ വിമല മേനോൻ, കൃഷിരംഗത്തെ കൊല്ലക്കൽ ദേവകിയമ്മ എന്നിവരുടെ പത്മശ്രീ പുരസ്കാരങ്ങളും കേരളത്തിന് മുതൽക്കൂട്ടാണെന്ന് രാജീവ് ചന്ദ്രശേഖർ അഭിനന്ദിച്ചു.

