നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്‍റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചു.
അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അൻവറിന്‍റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നില്‍ ഭരണകൂട ഭീകരതയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.