ഇടുക്കിയിലെ അരിക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ മയക്കു വെടിവച്ച് പിടികൂടാൻ ഉത്തരവിറക്കി. വൈൽഡ് ലൈഫ് വാർഡൻ ആണ് ആനയെ വെടിവയ്ക്കാൻ ഉത്തരവിട്ടത്. കാട്ടിലേക്ക് കയറ്റി വിടുകയോ, ഉൾക്കാട്ടിലേക്ക് കൊണ്ടുപോയി തുറന്നു വിടുകയോ, ജിഎസ്എം റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനുമാണ് തീരുമാനമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ആനയെ പിടികൂടാൻ പിടികളുടെ ആവശ്യം വേണ്ടിവന്നാൽ ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലഭ്യമാക്കാനും ഉത്തരവിൽ പറയുന്നു. ആനയെ കൂട്ടിലടക്കേണ്ട സാഹചര്യം വന്നാൽ കോടനാട് ആനക്കുട്ടിലേക്ക് മാറ്റാനുള്ള നടപടി എടുക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഇടുക്കി ജില്ലയിലെ ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ കുറെ നാളുകളായി അരിക്കൊമ്പൻ പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി 31ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം എടുത്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇപ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ദേവികുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. 24 വീടുകളും നാല് വാഹനങ്ങളും വ്യാപകമായ കൃഷിനാശവും ഉണ്ടാക്കിയ സാഹചര്യത്തിലാണ് അരികൊമ്പനെ പിടികൂടാൻ തീരുമാനമായത്.