പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ സംസ്ഥാനത്ത് പലയിടങ്ങളിലായി യുവജന സംഘടനകൾ പ്രദർശിപ്പിച്ചു. കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിലും,തിരുവനന്തപുരത്തെയും കൊച്ചിയിലെയും ലോ കോളേജുകളിലും, കലൂർ ബസ്റ്റാന്റിലും, പാലക്കാട് വിക്ടോറിയ കോളേജിലും പ്രദർശനം നടന്നു .
കോഴിക്കോട് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനോടനുബന്ധിച്ച് സ്ഥലത്ത് വൻപോലീസ് സംഘം സംഘടിച്ചിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഡോക്യുമെന്ററിയുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. അതേസമയം ഡോക്യുമെന്ററിയുടെ കോഴിക്കോട്ടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.
തിരുവനന്തപുരത്ത് ലോ കോളേജ് ക്ലാസ് മുറിയിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഇവിടെ കോളേജ് അധികൃതരുടെ നിർദ്ദേശം കണക്കിലെടുക്കാതെയാണ് വിദ്യാർത്ഥിയൂണിയൻ പ്രദർശനം നടത്തിയത്.
എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പാലക്കാട് വിക്ടോറിയ കോളേജിൽ ഡോക്യുമെന്ററി പ്രദർശനം നടന്നത്. മലയാള വിഭാഗത്തിൽ ആയിരുന്നു പ്രദർശിപ്പിച്ചത്. തുടർന്ന് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തുകയുണ്ടായി. ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം പൊതുസ്ഥലങ്ങളിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ വിവിധ സ്ഥലങ്ങളിൽ ഇവ മോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി.