എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരകമായ സിന്തറ്റിക് മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണി അറസ്റ്റിലായി. ഘാന പൗരനായ വിക്ടർ ഡി സാബായാണ് അറസ്റ്റിലായത്. ഡിസംബർ 21 നാണ് നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ ജിജീഷ് പി കെയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലെ ശ്യാമരാജപുരത്തുനിന്ന് വിക്ടറിനെ 150ഗ്രാം എംഡിഎംഎ യുമായി പിടികൂടുന്നത്.
കഴിഞ്ഞ നവംബർ 28 ന് കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ വച്ച് 58ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഘാനയിലെ വിക്ടറിൽ കൊണ്ടെത്തിച്ചത്. കോഴിക്കോട് സ്വദേശികളായ മൂന്ന് പേരാണ് ആഫ്രിക്കക്കാരനിൽ നിന്നും മയക്കുമരുന്ന് വാങ്ങി കോഴിക്കോട് മലപ്പുറം ജില്ലകളിലെ സ്കൂൾ-കോളേജ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിതരണം നടത്തിയിരുന്നതെന്ന് പോലീസ് സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് റയിൽവെ ജീവനക്കാരനായ മുഹമ്മദ് റാഷിദിനെ പാലക്കാട് വച്ചും ഒളവണ്ണ സ്വദേശി അദിനാനെ എറണാകുളത്തു നിന്നും പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
എംഡിഎംഎ വാങ്ങാനെന്ന വ്യാജേനയാണ് അന്വേഷണ സംഘം വേഷം മാറിമയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ താവളത്തിൽ ചെല്ലുന്നത്. അഞ്ചുപേരടങ്ങുന്ന അന്വേഷണസംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ തോക്ക് ചൂണ്ടിയാണ് കീഴ്പെടുത്തിയതെന്നും അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.