തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്.ഉച്ചക്ക് സുരേഷിന്റെ മൃതദേഹം കിട്ടിയതിന്റെ സമീപത്ത് നിന്നാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് റോബിൻ എഡ്വിൻ എന്ന തൊഴിലാളിയെ ആണ്.
മുതലപ്പൊഴിയിൽ പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതായത് ഇന്നലെ രാവിലെയായിരുന്നു. പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്.