ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലുള്ള വസതിയിലായിരുന്നു സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനൊപ്പം എത്തിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഒപ്പം ഉണ്ടായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് കന്യാസ്ത്രീകൾ ഡൽഹിയിൽ എത്തുന്നത്.
നന്ദി പറയാനാണ് കന്യാസ്ത്രീകൾ എത്തിയതെന്നും കേസിന്റെ മുന്നോട്ടുപോക്കിൽ അവർക്ക് പൂർണ പിന്തുണ നൽകിയിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുന്നോട്ടു പോകും. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്.