സ്പീക്കറുടെ ഗണപതി പരാർമശത്തിൽ സർക്കാർ പ്രതികരിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എൻഎസ്എസ് യോഗം. ഷംസീറിന്റെ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് പ്രതികരിച്ചു. എം വി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആകുന്നില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം തുടർസമരം പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം കൂടുതൽ വഷളാക്കാതെ ഇരിക്കാൻ സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി. പ്രശ്നം കൂടുതൽ വഷളാക്കാതെ, സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാർഗം തേടാൻ യോഗം തീരുമാനിക്കുകയായിരുന്നു.
എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുതലെടുപ്പ് രാഷ്ട്രീയത്തിന് നിന്നു കൊടുക്കാതെ നിയമപരമായി നേരിടും എന്നതാണ് എൻഎസ്എസ് നിലപാട്. കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണെന്ന് ഗണേഷ് വ്യക്തമാക്കി. ഷംസീറിന്റെ പരാമർശത്തിൽ ഇവിടെ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.