കൊച്ചി: സംസ്ഥാനത്ത് നോറോ വൈറസ് ബാധാരോഗം സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരിൽ നിന്നും എളുപ്പം മറ്റുള്ളവരിലേക്ക് പകരുമെന്നതുകൊണ്ട് ജില്ലാആരോഗ്യവിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു.
ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛർദ്ദി വയറിളക്കം എന്നിവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആരോഗ്യമുള്ളവരെ സാരമായി ബാധിക്കില്ലെങ്കിലും കുട്ടികൾ പ്രായമായവർ എന്നിവരെ രോഗം ബാധിച്ചാൽ ഗുരുതരമാവാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രണ്ട് ദിവസത്തിനുള്ളിൽ ശർദ്ദി, അതിസാരം പോലുള്ള ലക്ഷണങ്ങൾ ആരംഭിക്കും. മലിനമായവെള്ളം, ഭക്ഷണം, പ്രതലങ്ങൾ എന്നിവ വഴിയാണ് അതിവ്യാപനശേഷിയുള്ള ഈ വൈറസ് കൂടുതലായും പടരുന്നത്. വിവിധ ശ്രേണികൾ ഉള്ള ഈ വൈറസ് ഒരാളെ പലതവണ ബാധിച്ചേക്കാം.