നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടിൽ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ നൽകിയിരുന്നു. ഇവർക്ക് ആന്റിബോഡി നൽകും. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിലാകെ എല്ലാവരും മാസ്ക് ധരിക്കണം. ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരമില്ല. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന ഏഴ് പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഏഴും നെഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പനിയും ശ്വാസതടസ്സത്തെയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ വീട്ടിലെ മറ്റ് രണ്ടുപേർക്കും പനിയുണ്ട്. നിലവിൽ രണ്ടുപേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.