കോഴിക്കോട്: കടുത്ത ഛർദ്ദിയെതുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി മരിച്ചു. കുന്ദമംഗലം എൻ ഐ ടി ജീവനക്കാരനായ തെലുങ്കാന സ്വദേശി ജെയിൻ സിംഗിന്റെ മകൾ ഖ്യാതി സിംഗ് (9) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു മരണം. അസ്വഭാവികമരണത്തിന് പോലീസ് കേസ് എടുത്തു.
കട്ടാങ്ങലിലെ ഒരു ഫാസ്റ്റ് ഫുഡ് കടയിൽ നിന്നും കുറച്ചു ദിവസം മുൻപ് പെൺകുട്ടിയും കുടുംബവും മന്തി റൈസ് കഴിച്ചിരുന്നു. ശേഷമാണ് കുട്ടിക്ക് ഛർദ്ദി അനുഭവപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. അവശയായ കുട്ടിയെ ആദ്യം മുക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ വിഷാംശം ഉള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞതായും അവർ പറയുന്നു.
നാല് മാസം മുൻപാണ് ജെയിൻ സിങ്ങും കുടുംബവും ജോലി സംബന്ധമായി കോഴിക്കോട് എത്തുന്നത്. ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മൃതദേഹം ഇൻക്വസ്റ് നടപടികൾക്കായി വിട്ടുകൊടുക്കും. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.