സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ് നടന്നത്. മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ ഐ എ പരിശോധന നടത്തിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.
സാമ്പത്തിക സ്ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി എഫ് ഐ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തി വരികയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ പരിശോധനകളും. കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ ഇരുന്നൂറിലധികം പേരാണ് രാജ്യവ്യാപകമായി എൻഐഎയും ഇഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.