തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ ദാസിനി എന്ന 60കാരി ഇന്നലെത്തന്നെ മരിച്ചു. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.
ഇന്നലെ രാത്രി 10.15-ഓടെ എസ്എൻഡിപി ഓഫീസിന് വളവിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇബറോൺ ഹോളിഡേയ്സ് (കെഎൽ – 21 – ക്യു – 9050) എന്ന ബസാണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
ഡ്രൈവർക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണിൻ്റെ പുരികത്തിൽ ഇയാൾക്ക് ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിൻ്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.
ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്നിരക്ഷാസേന റോഡില്‍നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. ബസ് പൂര്‍ണമായും ഉയര്‍ത്തിയാല്‍ മാത്രമേ ആരെങ്കിലും ബസിനടിയില്‍ പെട്ടുപോയിട്ടുണ്ടോ എന്നതടക്കം അറിയാനാവൂ. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.