കോഴിക്കോട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് നിലപാടില്ലാത്തതിനാലാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോൺഗ്രസ് ജനസദസ്സ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കൊല്ലാം പങ്കെടുക്കാമെന്ന് സി.പി.എം വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂർവമായ ഇടപെടലിനാണ് ഏക സിവിൽ കോഡിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തിന് നിലനിൽക്കാനാകില്ല. മണിപ്പുർ ഇതിന്റെ ഉദാഹരണമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണമെന്നത് മുൻപേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീ-പുരുഷ സമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണം. എന്നാൽ അതിന് മുൻപ് നടക്കേണ്ട പ്രക്രിയകൾ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.