കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ ഈ മാസം ഏഴിന് കോടതി വിധി പറയും. ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എക്ക് വേദിയിൽ നിന്നു വീണ് ഗുരുതര പരിക്കേറ്റതിന് പിന്നാലെ പരിപാടി വിവാദമായിരുന്നു.
ജാമ്യ ഹർജിക്കിടെ പ്രോസിക്യൂഷൻ വാദം രൂക്ഷമായിരുന്നു. സ്റ്റേജ് അശാസ്ത്രീയമായി നിർമിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുൻപ് പൊലീസ് പരിശോധന നടത്തണമായിരുന്നു എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വി.ഐ.പികൾ പങ്കെടുത്ത ചടങ്ങിൻ്റെ സുരക്ഷ പൊലീസ് പരിശോധിക്കണമായിരുന്നെന്നും, 308-ാം വകുപ്പ് ചുമത്തേണ്ടതില്ലെന്നും അപകടം നടന്നിട്ടു തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.