സോളാര്‍ പീഡനക്കേസിൽ ഹൈബി ഈഡന് എംപിയെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹൈബിയെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നുമുള്ള പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി.
പീഡന പരാതിയിന്മേല് ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചു വരുത്തിയ പരാതിക്കാരിയെ ഹൈബി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുറ്റാരോപിതനെതിരെ പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിയിന്മേൽ ഹൈബിക്കെതിരായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കോടതിയിൽ സമർപ്പിച്ച സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.