ഇടുക്കി ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതിനുള്ള മോക്ഡ്രില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ഡ്രില്‍ നടത്തുക. ആനയെ എന്നു പിടികൂടും എവിടേക്ക് മാറ്റും എന്നതുള്‍പ്പെടെയുളള വിവരങ്ങള്‍ വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ നേരത്തെ തന്നെ അസമില്‍ നിന്ന് എത്തിയിരുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന എന്‍ജിഒയുടെ കൈവശമുള്ള കോളറാണ് എത്തിയത്.
അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ഡ്രില്‍ നടത്തുന്നത്. കൊമ്പനെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായാണ് വിവരം. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക.