പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പി ടി 7 എന്ന കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടികൂടും. ദൗത്യസംഘം ഇതിനായുള്ള നടപടി തുടങ്ങി. കാട്ടാനയെ തളയ്ക്കാന്‍ മൂന്ന് കുങ്കിയാനകള്‍ വേണമെന്ന് വയനാട്ടില്‍ നിന്നുള്ള ദൗത്യസംഘം. പി ടി 7 നെ മയക്കുവെടി വെച്ച ശേഷം പിറകില്‍ നിന്ന് തള്ളാനാണ് കുങ്കിയാനകള്‍. നിലവില്‍ വിക്രം, ഭരതന്‍ എന്നി കുങ്കി ആനകള്‍ ധോണി ക്യാമ്പില്‍ ഉണ്ട്. ഇതിനു പുറമെ മുത്തങ്ങയിലെ സുരേന്ദ്രന്‍ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകന്‍ ഉത്തരവിട്ടാല്‍ അടുത്ത ദിവസം തന്നെ ആന ധോണിയില്‍ എത്തും.
ദൗത്യസംഘത്തില്‍ ചിലര്‍ കഴിഞ്ഞ രാത്രി തന്നെ പാലക്കാട് എത്തി. ഇന്ന് ഉച്ചയോടെ ചേരുന്ന അവലോകന യോഗത്തിലാകും മയക്കുവെടി വയ്ക്കാനുള്ള സമയം, സ്ഥലം ഉള്‍പ്പെടെയുളള അന്തിമ കാര്യങ്ങള്‍ ചര്‍ച്ചയാവുക. ധോണിയിലെ ഭൂപ്രകൃതിയും ദൗത്യത്തിനു വെല്ലുവിളിയാണ്.