മലപ്പുറത്ത് കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം.
രാവിലെ ആറരയോടെ റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നു. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു. മുണ്ട് അഴിഞ്ഞു പോയ നിലയിൽ ഏതാണ്ട് നഗ്നമായ നിലയിലായിരുന്നു മുതദേഹം. കടുവ കടിച്ചു കൊന്നതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് മുമ്പ് ഒട്ടേറെ ആടുകളെ കടുവ പിടിച്ചിട്ടുണ്ട്. സൗത്ത് ഡിഫ്ഒ ധനിത് ലാൽ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്.