കൊച്ചി: ഷവർമ കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു. പാലാ സ്വദേശി രാഹുൽ ഡി നായരാണ് (24) മരിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു രാഹുൽ.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കാക്കനാട് മാവേലിപുരത്തെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് രാഹുലിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയിൽ പ്രവേശിച്ചശേഷം ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് തകരാറും, രണ്ടുതവണ ഹൃദയാഘാതവും ഉണ്ടായി. ശനിയാഴ്ച മുതൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു. രക്ത പരിശോധന ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.