കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകൾ ആയിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നത്. അതേസമയം കരുവാരക്കുണ്ട് പാന്ത്രയിൽ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവഷ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു.
മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 53 ദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടിയത്. അതേസമയം, ഇപ്പോള്‍ കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്. ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല.