മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ആശങ്കയുണ്ടാകുമ്പോൾ അവിടെ ഓടിയെത്താനും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നടപടി സ്വീകരിക്കാനുംവിധം വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാനം തയ്യാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചു. മറുപടി അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ചുവെന്നും സംസ്ഥാനത്തിന്റെ പരിമിതിയിൽ നിന്ന് നിയമ നിർമാണത്തെ കുറിച്ചാണ് ആലോചനയുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകൾ ആയിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നത്. അതേസമയം കരുവാരക്കുണ്ട് പാന്ത്രയിൽ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവഷ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു.
മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 53 ദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടിയത്. അതേസമയം, ഇപ്പോള്‍ കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്. ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല..