അത്തം പിറന്നു… ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിൻ്റേതായ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിച്ച് ഇനി ലോകത്തെമ്പാടുമായുള്ള മലയാളികൾക്ക് ഓണനാളുകളാണ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്.
കർക്കടകത്തിന്റെ വറുതികൾ അവസാനിപ്പിച്ച് പൊന്നിൻ ചിങ്ങത്തിലെത്തിയ മലയാളിമുറ്റങ്ങൾ പൂക്കളങ്ങളുമായി ഐതിഹ്യപ്പെരുമയിലെ മാവേലിത്തമ്പുരാനെ കാത്തിരിക്കുന്നു. ഇന്നേക്കു പത്താം നാൾ തിരുവോണം. ഓണവുമായി ആചാരപരമായും വിശ്വാസങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിൽ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി 8നു കൊടികയറും. ഇത്തവണ വിനായക ചതുർഥിയും അത്തവും ഒന്നിച്ചുവരുന്ന പ്രത്യേകതയുമുണ്ട്. മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു വികാരമാണ്. ഏതു രാജ്യമോ നാടോ ആവട്ടെ മലയാളികൾക്ക് ഓണവുമുണ്ടാകും. അത്തത്തില്‍ തുടങ്ങി തിരുവോണം വരെയുള്ള പത്ത് നാളുകള്‍ കേരളീയര്‍ ഓണമായി ആഘോഷിക്കുന്നു. മാവേലി മന്നനെ വരവേല്‍ക്കുവാന്‍ ഓരോ വീട്ടിലും പൂക്കളമൊരുക്കുന്നു.
തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചിരുത്താന്‍ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്. വിശ്വാസങ്ങൾ അനുസരിച്ച് അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുകയായിരുന്നു പതിവ്. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ തരം പൂക്കള്‍ ഉപയോഗിക്കുമായിരുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിൻ്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടു കൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇട്ടിരുന്നത്. ഇന്ന് ആചാരങ്ങൾ അനുസരിച്ച് പൂക്കളം തീർക്കാൻ സാധിക്കുന്നില്ലെങ്കിലും മനസ്സുകളിൽ ഈ പത്തുനാളും നിറങ്ങളിൽ കുറിച്ചുള്ള ഓർമ്മകളാണ് മലയാളിക്ക്.
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വർണ്ണശബളമായ അത്തച്ചമയാഘോഷം നടക്കും. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി പ്രജകളെ കാണാനെത്തിയതിന്റെ ഓർമ്മപുതുക്കലാണ് അത്തച്ചമയം. ഇത് 1949 ല്‍ നിര്‍ത്തലാക്കി. പിന്നീട് 1961-ല്‍ ഓണം കേരള സര്‍ക്കാര്‍ സംസ്ഥാനോത്സവമാക്കിയതോടെയാണ് ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചത്.